
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവും രക്തക്കുറവും മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ പിതാവ് രാജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി പഞ്ചായത്ത് അംഗം രംഗത്ത്. കുട്ടികൾക്ക് സ്കൂളിൽനിന്ന് ലഭിച്ചിരുന്ന അരി രാജേഷ് സമീപത്തെ ഹോട്ടലിൽ മറിച്ചുവിറ്റിരുന്നതായി വാർഡ് അംഗം വിനീത് ആരോപിച്ചു. സെപ്റ്റംബറിൽ ലഭിച്ച 20 കിലോ അരി 500 രൂപയ്ക്ക് ഹോട്ടലിൽ വിറ്റതായും അദ്ദേഹം പറഞ്ഞു.
വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഞായറാഴ്ച രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പിതാവിന്റെ ആദ്യ വിശദീകരണം. എന്നാൽ, പോസ്റ്റ്മോർട്ടം പരിശോധനയിൽ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അനീമിയയാണ് മരണകാരണമെന്ന് വ്യക്തമായതോടെ സംഭവം വിവാദമായി. ഇതിനു പിന്നാലെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജേഷ് മദ്യത്തിന് അടിമയായിരുന്നുവെന്നും കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം നൽകിയിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. വിശക്കുമ്പോൾ കട്ടൻചായയിൽ ബിസ്കറ്റ് കലർത്തിയാണ് കുട്ടികൾക്ക് നൽകിയിരുന്നതെന്ന് അയൽവാസികൾ വെളിപ്പെടുത്തി. കുട്ടികളുടെ പരിചരണത്തിലും പ്രതിരോധ കുത്തിവയ്പുകൾ എടുക്കുന്നതിലും മാതാപിതാക്കൾ വീഴ്ച വരുത്തിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. നേരത്തെയും മാതാപിതാക്കളുടെ അവഗണനയെ തുടർന്ന് ദമ്പതികളുടെ മറ്റൊരു മകൻ മരിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
രാജേഷ്–താര ദമ്പതികൾക്ക് ഏഴ് കുട്ടികൾ ജനിച്ചതായാണ് വിവരം. ഇതിൽ നാലു പെൺകുട്ടികൾ നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് രാഹുൽ. ഏഴാമത്തെ കുഞ്ഞിന് രണ്ടു ദിവസം മുൻപാണ് താര ജന്മം നൽകിയത്.
ബിരുദധാരിയായ രാജേഷ് ഓട്ടോറിക്ഷാ തൊഴിലാളിയാണ്. കുഞ്ഞിന്റെ മരണത്തിനു പിന്നിലെ സാഹചര്യങ്ങളും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്.










